Monday, 17 November 2025

തന്ത വൈബ്

വയസു നാല്പതിനോട് അടുക്കുന്നു .  ഇരുപതാം വയസിൽ ഉണ്ടായിരുന്ന ആ എനർജി ഒന്നും ഇപ്പോൾ എനിക്കില്ല. എന്തെങ്കിലും ചെയ്യാൻ അല്ലെങ്കിൽ ചെയ്തു തുടങ്ങാൻ ഒരു മടി. തന്ത വൈബ് ആയോ എന്നൊരു സംശയം .  

തുരുത്തിശ്ശേരി എന്ന ഗ്രാമത്തിൽ ആണ് എന്റെ വീട്. നെടുമ്പാശ്ശേരി എയർപോർട്ട്  ഒക്കെ അടുത്തുണ്ടെങ്കിലും ഇപ്പോഴും ഗ്രാമീണത നഷ്ട്ടപെട്ടിട്ടില്ലാത്ത ഒരു സ്ഥലം. ഇവിടുത്തെ മുൻതലമുറക്കാർ പ്രധാനമായും കൃഷിയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.  ഇപ്പൊ കൃഷിയൊക്കെ നിന്നു.  കൃഷിസ്ഥലങ്ങളൊക്കെ റിയൽ സ്റ്റേറ്റുകാരുടെ കയ്യിലായി, വീടുകളായി, വില്ലകളായി.  അവർക്കൊക്കെ 60 - 80 വയസായിരിക്കുന്നു,  അവരുടെ മക്കൾക്കൊക്കെ ജോലിയായി. എന്നാലും ഇപ്പോഴും അവരൊക്കെ  ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുന്നു. മിക്കദിവസങ്ങളിലും രാവിലെ ഞാൻ മോളെ സ്കൂളിൽ കൊണ്ട് വിടാൻ പോകുമ്പോൾ ഇവർ സൈക്കിളിൽ പോകുകയോ,  മുറ്റം അടിക്കുകയോ ഒക്കെ ചെയ്യുന്നത് കാണാറുണ്ട്.  അവരുടെ ജീവിതരീതിയാണ് ഈ ആരോഗ്യത്തിന്റെ രഹസ്യം.  അവരെ ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസിലായ കുറച്ചു കാര്യങ്ങൾ. 

ഉറക്കം 

മിക്കവാറും എല്ലാവരും 8 - 9 മണി ആകുമ്പോൾ തന്നെ കിടന്നുറങ്ങും.  ജനാല  ഒക്കെ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്.  AC ഒന്നും അവർ ഉപയോഗിക്കാറില്ല.  

വ്യായാമം 

നടന്നു, സൈക്കിളിൽ, ബസിൽ ഒക്കെയാണ് അവരുടെ യാത്രകൾ. നടക്കാവുന്ന ദൂരം ആണെങ്കിൽ നടന്നു തന്നെ പോകും.  പറമ്പിലെ പണിയൊക്കെ സ്വയം തന്നെ ചെയ്യും. 

ഭക്ഷണം 

ഹോട്ടൽ ഭക്ഷണം പരമാവധി കഴിക്കില്ല. നാട്ടിൽ കിട്ടുന്ന പച്ചക്കറികളും പഴങ്ങളും ആണ് കൂടുതലും കഴിക്കുക. ആവികയറ്റിയ ഭക്ഷണങ്ങൾ,  മീൻ,  ഇതൊക്കെയാണ് പ്രധാനം.  കുറച്ചേ കഴിക്കു. സ്ട്രെസ് ഈറ്റിംഗ് ഒട്ടും ഇല്ല. മന്തിയും,  ഷവര്മയും ഒന്നും കഴിക്കില്ല. 

ഡിജിറ്റൽ ഉപയോഗം 

വളരെ കുറവ്. മിക്കവാറും കാൾ / വീഡിയോ കാൾ ചെയ്യാൻ മാത്രം ഉപയോഗിക്കും.  സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗം ഇല്ല. എന്നാലും പത്രം, വാർത്ത ഇതൊക്കെ കൊണ്ട് കാര്യങ്ങൾ ഒക്കെ അറിയാം.

ഇങ്ങനെയൊക്കെ ജീവിച്ചാൽ തന്തവൈബ് എന്ന് പറയുമെങ്കിലും ഒരു 20 വര്ഷം ആയുസിന്റെ നീളം കൂടുമെങ്കിൽ ആ തന്ത വൈബ് തന്നെ ആണ് നല്ലത്.