ഈയടുത്ത് ഞങ്ങളുടെ വീട്ടിൽ ഒരു പ്രായമായ അച്ഛൻ പണിക്ക് വന്നിരുന്നു. തിരുവനന്തപുരത്തുകാരനാണ് കക്ഷി. പക്ഷേ, കാലങ്ങളായി എന്റെ വീടിനടുത്തുള്ള ഒരു വീട്ടിലാണ് താമസം. ആ വീട്ടുകാർ വിദേശത്തായതുകൊണ്ട് അവർ ആ വീട് ഓൺലൈൻ ബുക്കിംഗിന് (Homestay) കൊടുത്തിരിക്കുകയാണ്. കസ്റ്റമേഴ്സ് ഉള്ള ദിവസങ്ങളിൽ പുള്ളി അവിടുത്തെ കെയർ ടേക്കറായി നിൽക്കും. ആരുമില്ലാത്ത ദിവസങ്ങളിൽ ഇവിടെയൊക്കെ പണിക്ക് വരും.
ഒരു തനി 'ഫ്രീലാൻസർ' രീതിയിലാണ് പുള്ളിയുടെ വർക്ക്! മണിക്കൂറിന് 130 രൂപയാണ് ചാർജ്. വാങ്ങുന്ന പൈസയ്ക്ക് കൃത്യമായി പണിയെടുക്കും. വരുന്ന ദിവസങ്ങളിൽ രാവിലെ കൃത്യം 6:30-ന് എത്തും. ഹെർക്യൂലെസ് സൈക്കിളിൽ ആണ് വരുന്നത് . പിറകിൽ ഒരു ചെറിയ മഴക്കോട്ടും , തൊപ്പിയും , ചിലപ്പോൾ ഒരു തൂമ്പയും ഉണ്ടാകും. ചിലപ്പോൾ 9:30 അല്ലെങ്കിൽ 10:30 വരെ ജോലി ചെയ്യും. മഴ പെയ്താൽ മഴക്കോട്ടിട്ടു പറമ്പിലിറങ്ങും, കടുത്ത വെയിലുള്ളപ്പോൾ പണിയെടുക്കാറുമില്ല.
"രാവിലെ ഇത്രയും നേരത്തെ എങ്ങനെ പണിക്ക് വരാൻ സാധിക്കുന്നു?" എന്ന് ഒരിക്കൽ ഞാൻ ചോദിച്ചു."
പുള്ളി ദിവസവും വെളുപ്പിന് 3 മണിക്ക് എഴുന്നേൽക്കുമത്രെ! പകരം വൈകുന്നേരം 6:30-നും 7:00-നും ഇടയിൽ കിടന്നുറങ്ങുകയും ചെയ്യും.
ഭക്ഷണത്തിന്റെ കാര്യത്തിലും പുള്ളിക്ക് വലിയ ഡിമാൻഡുകളൊന്നുമില്ല. വീട്ടിൽ ഉണ്ടാക്കുന്ന ലളിതമായ ഭക്ഷണം കൊടുത്താൽ മതി. ഒരിക്കൽ വീട്ടിൽ കറിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ പുറത്തുനിന്ന് ഭക്ഷണം വാങ്ങാൻ ഇറങ്ങിയപ്പോൾ പുള്ളി അത് വേണ്ട എന്ന് പറഞ്ഞു. "പുറത്തുനിന്നുള്ള ഭക്ഷണം വേണ്ട, വെറും കഞ്ഞിയാണെങ്കിലും വീട്ടിലുള്ളത് മതി" എന്നായിരുന്നു പുള്ളിയുടെ നിലപാട്. പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ട് വർഷങ്ങളായെന്നും പുള്ളി പറഞ്ഞു.
ഒരു മനുഷ്യൻ ജീവിക്കേണ്ട യഥാർത്ഥ രീതിയിലാണ് ആ 65-ുകാരൻ ജീവിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി, ആരോഗ്യകരമായ ശീലങ്ങളോടെ... ആ പ്രായത്തിലും പുള്ളിയുടെ ആ ഒരു എനർജിയും ആത്മാർത്ഥതയും ശരിക്കും കണ്ടു പഠിക്കേണ്ടത് തന്നെയാണ്!
.jpeg)


